Saturday, May 26, 2007

രാജമലയിലെ നീലക്കുറിഞ്ഞികള്‍





മൂന്നാറിലെ രാജമലയിലേക്കുള്ള യാത്രക്കിടയില്‍ എപ്പൊഴൊ ഡ്രൈവര്‍ ബഷീര്‍ ലോഹ്യം ചോദിച്ചു “സാറെന്താ ഒറ്റക്കു മൂന്നാറിലേക്ക്?”

പെട്ടെന്നു തോന്നിയ ഉത്തരം ‘നീലക്കുറിഞ്ഞികള്‍ കാണാന്‍’ എന്നായിരുന്നു.

‘പൂവെല്ലാം കരിഞ്ഞല്ലൊ സാറേ’

“എന്നാല്‍ നമുക്കു കരിഞ്ഞ നീലക്കുറിഞ്ഞി പൂക്കള്‍ കാണാം.”

ഭാഗ്യം. പിന്നെ ബഷീര്‍ ഒന്നും പറഞ്ഞില്ല. വേണമെങ്കില്‍ ഇന്നസെന്റ്റ് സ്റ്റൈലില്‍ “ഒറ്റക്കു വന്നാലേ കരിഞ്ഞ പൂക്കള്‍ കാണാന്‍ പറ്റുള്ളോ സാറേ?” എന്നൊരു പാര ചോദ്യത്തിനു സ്കോപുള്ള കഥാ മര്‍മ്മമായിരുന്നു.


കെ.ജയകുമാ‍റിന്റെ “നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നൂ,
ഒരു കൃഷ്ണ തുളസി കതിരുമായി നിന്നെ ഞാന്‍ ഇന്നും പ്രതീക്ഷിച്ചു നിന്നു...” പെട്ടെന്നു മനസ്സില്‍ മൂളി. ഈ പാട്ട് എന്റെ ഐ-പോഡില്‍ ഇല്ല. കുറെ അന്വേഷിച്ചു. കിട്ടിയില്ല. കൂള്‍ റ്റോഡ് മ്യുസിക് സൈറ്റില്‍ ഈ പാട്ട് ഉണ്ട്. പക്ഷെ ഐ-റ്റ്യുണില്‍ കേള്‍ക്കാ‍ന്‍ പറ്റില്ല.റിയല്‍ പ്ലൈയര്‍ ഡൌണ്‍ലോഡു ചെയ്യണം.

പിന്നെ ഉള്ളതു വീണ പൂവാണ്.

“ഹാ പുഷ്പമേ... അധികതുംഗ പഥത്തില്‍...” പ്രൊഫ. മധുസൂദനന്‍ നായര്‍‌ അറിഞ്ഞ് ആലപിച്ചിരിക്കുന്നു. രാജമലയിലേക്കു ഒറ്റക്കു നടന്നു കയറുമ്പോള്‍ കൂട്ടിനു കുമാരനാശാന്‍ ഇരിക്കട്ടെ.

അടുത്ത പാട്ടു സെര്‍ചു ചെയ്തു. നീല കൂവള പാട്ടു തന്നെ ആയിക്കോട്ടെ. ഇംഗ്ലിഷില്‍ ഇങ്ങനെ എഴുതി വരുന്നു:

Neela koovala Poovukalo
Valittezhuthiaya kannukalo
Manmathan kulakyum villukalo
Manassil padarum chillakalo

ശരിയാണ്. രാജമലയിലെ നീലക്കുറിഞ്ഞികള്‍ കരിഞ്ഞു പോയിരിക്കുന്നു. കുന്നുകളുടെ ഇടയില്‍, വറ്റാറായ നീരുറവകള്‍ക്കടുത്തു ഒന്നോ രണ്ടോ പൂക്കള്‍, കാലം തെറ്റി... നീല നിറമല്ല. ഇളം വൈലറ്റു ആണോ? ഈ ഉറവകളും വറ്റുമ്പോള്‍.... ഹാ പുഷ്പമേ... പണ്ട് എന്റെ മനസ്സില്‍ കവിതയും, കവിതകളിലെ പൂക്കളും ഉണ്ടായിരുന്നു. എവിടെ എന്റെ പൂക്കള്‍?

ഹൃദയത്തില്‍ കുളിരു പകര്‍ന്ന, കവിതകളിലെ ചെമ്പരത്തി പൂവിന്റെ ചേലു പോലും ഞാനിന്നു മറന്നു പോയല്ലോ. രക്തസാക്ഷികളുടെ ചൂരുള്ള വയലാറിന്റെ രാജമല്ലി പൂക്കള്‍, വനജ്യോത്സ്നയെ കരയിച്ച ഓഎന്‍‌വിപ്പൂക്കള്‍, ആരാമത്തിനെ രോമാഞ്ചമണിയിച്ച ചങ്ങമ്പുഴയുടെ പൂക്കള്‍.....

അതെ, ‘എങ്കിലുമിവയും പൂവുകളല്ലൊ എന്നുടെ സ്വന്തം പൂവുകളല്ലോ’ എന്നു പാടിയ ജി. കുമാരപിള്ളയുടെ, തണ്ടാനാറി പൂവുകള്‍....

എന്നും എന്റെ ഓഫീസുമുറിയില്‍ ഹോര്‍ട്ടികള്‍ചര്‍ ഡിപ്പാര്‍ട്ടുമെന്‍‌റ്റില്‍ നിന്നും ‘മാലി’ വന്നു ഫ്ലവര്‍ വേസുകളില്‍ പല നിറതിലുള്ള പൂക്കള്‍ കോര്‍ത്തു വയ്ക്കാറുണ്ടത്രെ! ഒരു ദിവസം മാലി വന്നില്ലെങ്കില്‍, എന്റെ പ്രൈവറ്റ് സെക്രട്ടറി പച്ച നിറത്തിലുള്ള ‘നോട്ട് ഷീറ്റില്‍’ ഡിപ്പാര്‍ട്ടുമെന്‍‌റ്റി‌ന്‍റ്റെ അനാസ്ഥയെ കുറിച്ചു നീണ്ട ‘കടിതം’ എഴുതി അവരെ സമയാസമയങ്ങളില്‍ അറിയിക്കാറുണ്ടെന്നു എന്നെ തൈര്യപ്പെടുത്താറും ഉണ്ട്.

എനി വേ, പറഞ്ഞു വന്നതു രാജമലയിലെ നീലക്കുറിഞ്ഞികളെക്കുറിച്ചാണല്ലോ. ഈയിടെയായി എന്തു പറഞ്ഞാലും ഒരു അല്പം നൊസ്റ്റാള്‍ജിയ ഇടയ്ക്കു കയറും.

(പ്രായമാകുന്നതിന്‍‌റ്റെ ലക്ഷണമാണിതെന്നു ഞാന്‍ വേദനയോടെ മനസ്സിലാക്കുന്നു. This is endorsed by my daughter also.)

രാജമലയിറങ്ങി റിസോര്‍ട്ടില്‍ എത്തുംവരെ മനസ്സില്‍ നിറയെ കരിഞ്ഞ നീലക്കുറിഞ്ഞി പൂക്കളായിരുന്നു. പിന്നെ അതും മറന്നു.

രാത്രി എപ്പോഴോ എണീറ്റു എന്തോ കുറിച്ചു. കവിതയും കഥയും ഒന്നും അല്ലാത്ത എന്തോ ഒന്ന്.

“നരച്ച മുറ്റത്തെ
എന്റെ ഓണപ്പൂക്കളത്തില്‍
ഓര്‍മ്മകളുടെ നീലക്കുറിഞ്ഞികള്‍
കരിയിലക്കൂമ്പാരങ്ങളായി,
കിനാവിന്റെ ചിതയായി.

പിന്നെ
മന്ത്രം ജപിച്ചു,
നെയ്യൊഴിച്ചു,
തീ തെളിച്ചു,
ചടങ്ങു തീര്‍ത്ത തൃപ്തിയോടെ,
വീടിന്റെ പടി ചവിട്ടും മുമ്പേ
കുളിക്കേണ്ടവന്‍ ഞാന്‍,

പിന്നെ
പച്ചയോല പന്തലിട്ടു,
പട്ടു കച്ച ചുറ്റി,
ഈറനോടെ,
ബലിച്ചോറു നേദിച്ച്,
പതിനാറുനാള്‍
കപട ദുഃഖത്തിന്റെ
നൊയമ്പു നോല്‍ക്കേണ്ടവന്‍ ഞാന്‍

പിന്നെ
ചിതയുടെ
ചാരം ചിക്കി
അസ്ഥി ഖണ്ഡങ്ങള്‍
കൊച്ചു കലശത്തിലാക്കി
പൂജിച്ചു
ത്രിവേണിയും
രാമേശ്വരവും
നര്‍മ്മദയും തേടിയലയേണ്ടവന്‍ ഞാന്‍.”

N.B. നീലക്കുറിഞ്ഞി പൂക്കള്‍ 12 വര്‍ഷതില്‍ ഒരിക്കലേ പൂക്കൂ. വെരി ഗുഡ്. അപ്പൊ, 12 വര്‍ഷത്തില്‍ ഒരിക്കലേ കരിയൂ...