Saturday, May 26, 2007

രാജമലയിലെ നീലക്കുറിഞ്ഞികള്‍

മൂന്നാറിലെ രാജമലയിലേക്കുള്ള യാത്രക്കിടയില്‍ എപ്പൊഴൊ ഡ്രൈവര്‍ ബഷീര്‍ ലോഹ്യം ചോദിച്ചു “സാറെന്താ ഒറ്റക്കു മൂന്നാറിലേക്ക്?”

പെട്ടെന്നു തോന്നിയ ഉത്തരം ‘നീലക്കുറിഞ്ഞികള്‍ കാണാന്‍’ എന്നായിരുന്നു.

‘പൂവെല്ലാം കരിഞ്ഞല്ലൊ സാറേ’

“എന്നാല്‍ നമുക്കു കരിഞ്ഞ നീലക്കുറിഞ്ഞി പൂക്കള്‍ കാണാം.”

ഭാഗ്യം. പിന്നെ ബഷീര്‍ ഒന്നും പറഞ്ഞില്ല. വേണമെങ്കില്‍ ഇന്നസെന്റ്റ് സ്റ്റൈലില്‍ “ഒറ്റക്കു വന്നാലേ കരിഞ്ഞ പൂക്കള്‍ കാണാന്‍ പറ്റുള്ളോ സാറേ?” എന്നൊരു പാര ചോദ്യത്തിനു സ്കോപുള്ള കഥാ മര്‍മ്മമായിരുന്നു.


കെ.ജയകുമാ‍റിന്റെ “നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ നിന്നെ പ്രതീക്ഷിച്ചു നിന്നൂ,
ഒരു കൃഷ്ണ തുളസി കതിരുമായി നിന്നെ ഞാന്‍ ഇന്നും പ്രതീക്ഷിച്ചു നിന്നു...” പെട്ടെന്നു മനസ്സില്‍ മൂളി. ഈ പാട്ട് എന്റെ ഐ-പോഡില്‍ ഇല്ല. കുറെ അന്വേഷിച്ചു. കിട്ടിയില്ല. കൂള്‍ റ്റോഡ് മ്യുസിക് സൈറ്റില്‍ ഈ പാട്ട് ഉണ്ട്. പക്ഷെ ഐ-റ്റ്യുണില്‍ കേള്‍ക്കാ‍ന്‍ പറ്റില്ല.റിയല്‍ പ്ലൈയര്‍ ഡൌണ്‍ലോഡു ചെയ്യണം.

പിന്നെ ഉള്ളതു വീണ പൂവാണ്.

“ഹാ പുഷ്പമേ... അധികതുംഗ പഥത്തില്‍...” പ്രൊഫ. മധുസൂദനന്‍ നായര്‍‌ അറിഞ്ഞ് ആലപിച്ചിരിക്കുന്നു. രാജമലയിലേക്കു ഒറ്റക്കു നടന്നു കയറുമ്പോള്‍ കൂട്ടിനു കുമാരനാശാന്‍ ഇരിക്കട്ടെ.

അടുത്ത പാട്ടു സെര്‍ചു ചെയ്തു. നീല കൂവള പാട്ടു തന്നെ ആയിക്കോട്ടെ. ഇംഗ്ലിഷില്‍ ഇങ്ങനെ എഴുതി വരുന്നു:

Neela koovala Poovukalo
Valittezhuthiaya kannukalo
Manmathan kulakyum villukalo
Manassil padarum chillakalo

ശരിയാണ്. രാജമലയിലെ നീലക്കുറിഞ്ഞികള്‍ കരിഞ്ഞു പോയിരിക്കുന്നു. കുന്നുകളുടെ ഇടയില്‍, വറ്റാറായ നീരുറവകള്‍ക്കടുത്തു ഒന്നോ രണ്ടോ പൂക്കള്‍, കാലം തെറ്റി... നീല നിറമല്ല. ഇളം വൈലറ്റു ആണോ? ഈ ഉറവകളും വറ്റുമ്പോള്‍.... ഹാ പുഷ്പമേ... പണ്ട് എന്റെ മനസ്സില്‍ കവിതയും, കവിതകളിലെ പൂക്കളും ഉണ്ടായിരുന്നു. എവിടെ എന്റെ പൂക്കള്‍?

ഹൃദയത്തില്‍ കുളിരു പകര്‍ന്ന, കവിതകളിലെ ചെമ്പരത്തി പൂവിന്റെ ചേലു പോലും ഞാനിന്നു മറന്നു പോയല്ലോ. രക്തസാക്ഷികളുടെ ചൂരുള്ള വയലാറിന്റെ രാജമല്ലി പൂക്കള്‍, വനജ്യോത്സ്നയെ കരയിച്ച ഓഎന്‍‌വിപ്പൂക്കള്‍, ആരാമത്തിനെ രോമാഞ്ചമണിയിച്ച ചങ്ങമ്പുഴയുടെ പൂക്കള്‍.....

അതെ, ‘എങ്കിലുമിവയും പൂവുകളല്ലൊ എന്നുടെ സ്വന്തം പൂവുകളല്ലോ’ എന്നു പാടിയ ജി. കുമാരപിള്ളയുടെ, തണ്ടാനാറി പൂവുകള്‍....

എന്നും എന്റെ ഓഫീസുമുറിയില്‍ ഹോര്‍ട്ടികള്‍ചര്‍ ഡിപ്പാര്‍ട്ടുമെന്‍‌റ്റില്‍ നിന്നും ‘മാലി’ വന്നു ഫ്ലവര്‍ വേസുകളില്‍ പല നിറതിലുള്ള പൂക്കള്‍ കോര്‍ത്തു വയ്ക്കാറുണ്ടത്രെ! ഒരു ദിവസം മാലി വന്നില്ലെങ്കില്‍, എന്റെ പ്രൈവറ്റ് സെക്രട്ടറി പച്ച നിറത്തിലുള്ള ‘നോട്ട് ഷീറ്റില്‍’ ഡിപ്പാര്‍ട്ടുമെന്‍‌റ്റി‌ന്‍റ്റെ അനാസ്ഥയെ കുറിച്ചു നീണ്ട ‘കടിതം’ എഴുതി അവരെ സമയാസമയങ്ങളില്‍ അറിയിക്കാറുണ്ടെന്നു എന്നെ തൈര്യപ്പെടുത്താറും ഉണ്ട്.

എനി വേ, പറഞ്ഞു വന്നതു രാജമലയിലെ നീലക്കുറിഞ്ഞികളെക്കുറിച്ചാണല്ലോ. ഈയിടെയായി എന്തു പറഞ്ഞാലും ഒരു അല്പം നൊസ്റ്റാള്‍ജിയ ഇടയ്ക്കു കയറും.

(പ്രായമാകുന്നതിന്‍‌റ്റെ ലക്ഷണമാണിതെന്നു ഞാന്‍ വേദനയോടെ മനസ്സിലാക്കുന്നു. This is endorsed by my daughter also.)

രാജമലയിറങ്ങി റിസോര്‍ട്ടില്‍ എത്തുംവരെ മനസ്സില്‍ നിറയെ കരിഞ്ഞ നീലക്കുറിഞ്ഞി പൂക്കളായിരുന്നു. പിന്നെ അതും മറന്നു.

രാത്രി എപ്പോഴോ എണീറ്റു എന്തോ കുറിച്ചു. കവിതയും കഥയും ഒന്നും അല്ലാത്ത എന്തോ ഒന്ന്.

“നരച്ച മുറ്റത്തെ
എന്റെ ഓണപ്പൂക്കളത്തില്‍
ഓര്‍മ്മകളുടെ നീലക്കുറിഞ്ഞികള്‍
കരിയിലക്കൂമ്പാരങ്ങളായി,
കിനാവിന്റെ ചിതയായി.

പിന്നെ
മന്ത്രം ജപിച്ചു,
നെയ്യൊഴിച്ചു,
തീ തെളിച്ചു,
ചടങ്ങു തീര്‍ത്ത തൃപ്തിയോടെ,
വീടിന്റെ പടി ചവിട്ടും മുമ്പേ
കുളിക്കേണ്ടവന്‍ ഞാന്‍,

പിന്നെ
പച്ചയോല പന്തലിട്ടു,
പട്ടു കച്ച ചുറ്റി,
ഈറനോടെ,
ബലിച്ചോറു നേദിച്ച്,
പതിനാറുനാള്‍
കപട ദുഃഖത്തിന്റെ
നൊയമ്പു നോല്‍ക്കേണ്ടവന്‍ ഞാന്‍

പിന്നെ
ചിതയുടെ
ചാരം ചിക്കി
അസ്ഥി ഖണ്ഡങ്ങള്‍
കൊച്ചു കലശത്തിലാക്കി
പൂജിച്ചു
ത്രിവേണിയും
രാമേശ്വരവും
നര്‍മ്മദയും തേടിയലയേണ്ടവന്‍ ഞാന്‍.”

N.B. നീലക്കുറിഞ്ഞി പൂക്കള്‍ 12 വര്‍ഷതില്‍ ഒരിക്കലേ പൂക്കൂ. വെരി ഗുഡ്. അപ്പൊ, 12 വര്‍ഷത്തില്‍ ഒരിക്കലേ കരിയൂ...

22 comments:

സന്തോഷ് said...

മലയാളം ബ്ലോഗിങ്ങിലേയ്ക്ക് സ്വാഗതം!

Manu said...

നല്ല തുടക്കം...
കഴിഞ്ഞ അവധിക്കാലത്തു പൂവുള്ളപ്പോള്‍ തന്നെ രാജമലകയറാന്‍ ഭാഗ്യം കിട്ടി... ആ ഓര്‍മ്മകളെ വിളിച്ചുണര്‍ത്തിയതിനു നന്ദി....
ബൂലോഗത്തേക്ക് സ്വാഗതം...

മൂര്‍ത്തി said...

അപ്പോ 12 വര്‍ഷത്തിലൊരിക്കലേ ഒരു പോസ്റ്റിടാനും പറ്റൂ....:)
സ്വാഗതം....

ദേവന്‍ said...

കരിഞ്ഞോ വിരിഞ്ഞോ നില്‍ക്കുന്ന ഒരു നീലക്കുറിഞ്ഞിയും കാണാനായില്ല... ഇടിച്ചു പതച്ച് പാലുകുടിക്കുന്ന വരയാട്ടിന്‍ കുട്ടിയേയും അവളുടെ സുന്ദരി അമ്മയേയും കണ്ട് എന്റെ നെഞ്ചില്‍ നിറഞ്ഞ നീര് വീണ സ്ഥലം രാജമല.

വരൂ ബൈജു, ബൂലോഗത്തേക്ക് വരൂ.

baiju said...

സന്തോഷിനും,മനുവിനും, മൂര്‍ത്തിക്കും ദേവനും നന്ദീ.മൂര്‍തീ, ഇനി നീലക്കുറിഞ്ഞിയെ പറ്റി 2019 ലേ എഴുതൂ. സത്യം.

മലയാളത്തില്‍ റ്റയിപ്പു ചെയ്യാന്‍ പഠിച്ച excitement ല്‍ ആയതിനാല്‍ ഇനിയും ചില പോസ്റ്റിങ്സ് പ്രതീക്ഷിക്കാം.സഹിക്കുക...

മൂര്‍ത്തി said...

ബൈജുവേ..ഞാന്‍ 2019ല്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും കമന്റിടാന്‍ വരും... :)

ധാരാളം എഴുതുക....ആശംസകള്‍....

qw_er_ty

Inj Pennu said...

ഈ മലയാ‍ളം ബ്ലോഗിന്റെ പേര് മലയാളത്തിലാക്കൊ? അങ്ങിനെയാക്കിയാല്‍ അത് മലയാളം ബ്ലോഗേര്‍സ് ലിസ്റ്റില്‍ ചേര്‍ക്കെപ്പ്ടും...

പിന്നെ ഒരു സ്വാഗതം. നീലക്കുറിഞ്ഞി കരിഞ്ഞത് ഞാനും കണ്ടു. ഈ ബോര്‍ഡ് കണ്ട് തൃപ്തിപ്പെട്ടു ഇത്തവണ. പുതിയ വര്‍ഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കാന്‍ പുതിയൊരു കാരണവും കിട്ടി..

സിബു::cibu said...

വരൂ വരൂ... കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

മനു പറഞ്ഞപോലെ, കഴിഞ്ഞ വര്‍ഷമായിരുന്നു പൂവെങ്കില്‍ പിന്നെ, ഈ വര്‍ഷം പൂ എന്തായാലും കാണില്ലല്ലോ. 2018-ലേ ഉണ്ടാവുകയുള്ളല്ലോ ഇനി.

ഇഞ്ചീ, ബ്ലോഗിന്റെ പേര് മലയാളത്തില്‍ വേണം എന്ന്‌ നിര്‍ബന്ധമാണോ? എന്തിനാ അത്‌?

സു | Su said...

സ്വാഗതം.

അടുത്ത തവണ നീലക്കുറിഞ്ഞി ഉണ്ടാകുമ്പോള്‍, ഞാനും പോയിക്കണ്ട്, ഫോട്ടോയൊക്കെ എടുത്ത് ഒരു പോസ്റ്റ് വെക്കും.
രണ്ടായിരത്തി പതിനെട്ടിലോ, പത്തൊന്‍പതിലോ?
(അതിമോഹം...അതിമോഹം...)

ജ്യോതിര്‍മയി said...

സ്വാഗതം!

“ഒരു പൂ (ആരെങ്കിലും)ചോദിച്ചാല്‍ ഒരു പൂക്കാലം കൊടുക്കണം ... “(കടപ്പാടു ആരോടാണെന്നു മറന്നുപോയി, സത്യം.)
എന്ന് ബൂലോഗപ്പുതുമൊഴി കേട്ടിട്ടുണ്ടോ? :)


നീലക്കുറിഞ്ഞികള്‍ എപ്പോഴും ഒരുമിച്ചാണോ പൂക്കുന്നത്? അതായത്, നീലിമലയിലേയും രാജമലയിലേയും ഒക്കെ നീലക്കുറിഞ്ഞികള്‍ ഒരുമിച്ച് ഒരേകൊല്ലം പൂത്ത്‌, പിന്നെ 12 കൊല്ലം കഴിഞ്ഞ്‌ വീണ്ടും പൂക്കുകയാണോ?

അതോ നീലിമലയില്‍ 2000 ത്തില്‍ പൂത്ത് 2012 ഇല്‍ പൂക്കുക; രാജമലയില്‍ 2006 ല്‍ പൂത്തു, ഇനി 2018ല്‍ പൂക്കുക... അങ്ങനെയാണോ?
(ഒരു ചിന്ന സംശയം ചോദിച്ചെന്നേയുള്ളൂ)

എഴുത്തു തുടരാന്‍ ആശംസകള്‍!

baiju said...

മൂര്‍ത്തി,inj pennu,സിബു, സു- എല്ലാവര്‍ക്കും നന്ദി.ബൂലോകത്തു ഇത്രയും നല്ല സാഹിത്യകാരന്മാരും, സാഹിത്യകാരികളും ഉണ്ടെന്നു ഞാന്‍ അറിഞിരുന്നില്ല. ഇതൊക്കെ എപ്പൊള്‍ വായിച്ചു തീര്‍ക്കാനാണ്!!!! ഒരു തലക്കറക്കം പോലെ! ഗാന്ധിജിയുടെ ഇഷ്ട ഭജന്‍ “ ഈശ്വര അള്ളാ തേരേ നാം , സബ്ക്കൊ സന്മതി ദേ ഭഗവാന്‍” എന്നു പാടിക്കൊണ്ട് , ബൈ പാസ്സിലൂടെ ബൂലോകത്തു നിന്നും മുങ്ങിയാലോ എന്നും ആലോചന ഇല്ലാതില്ല. കുറേ പൊസ്റ്റിങ് ഒക്കെ വായിച്ചു. കൊള്ളാം. സം ഒഫ് ദെം ആ‍ര്‍ എക്സലെന്റ്. തരം പോലെ കമന്റ് പോസ്റ്റു ചെയ്യാം. ആദ്യം ഈ അക്ഷരങ്ങള്‍ ഒന്നു വഴങ്ങി വരട്ടെ.

ബൈജു said...

നന്ദി ജ്യൊതിര്‍മയി. 22 വര്‍ഷങ്ങള്‍ക്കു ശേഷം അക്ഷരം എഴുതിയ ഒരു സുഖതിലാണു ഞാന്‍. നീലക്കുറിഞ്ഞി പൂക്കുന്ന കണക്കൊന്നും എനിക്കറിയില്ല ജ്യോതി. വെറുതെ എഴുതി എന്നെ ഉള്ളു. സന്തോഷം.

ദേവന്‍ said...

ജ്യോതിടീച്ചര്‍ ബൂലോഗ സമ്മര്‍ദ്ദം തുടങ്ങിയോ :) :)

നീലക്കുറിഞ്ഞി (Stroilanthes Kunthianus) നീലഗിരിയുടെ ചെരിവുകളില്‍ മാത്രമേയുള്ളു, പൂക്കുമ്പോള്‍ അവ ഒറ്റക്കെട്ടായി പൂക്കും. അതായത് നീലക്കുറിഞ്ഞി നീലഗിരി മുഴുവന്‍ ഒന്നിച്ചേ പൂക്കൂ(മൂന്നാര്‍, വട്ടവട, പളനി, ആനമല, മുദുമല എല്ലായിടത്തും ഒറ്റ സമയം) അവയുടെ ചിന്ന വേരിയന്റ് ആയ പല സ്റ്റ്രോയിലാന്തസുകളും പല കാലങ്ങളില്‍ പൂക്കും, അവയും കുറിഞ്ഞി പൂത്തതായിട്ടാണു കൂട്ടുക.

stary flowering- ഒറ്റയ്ക്കും തെറ്റയ്ക്കും പൂക്കല്‍ നടക്കാറുണ്ട് ഉദാ, 2004 ഇല്‍ ഊട്ടിയില്‍ കുറച്ചു പൂത്തു.

(ബൈജു മാഷേ ബൂലോഗ സമ്മര്‍ദ്ദം എന്താണെന്ന് അറിയണമെങ്കില്‍ ദാ ഇതൊന്നു വായിച്ചോളൂ കേട്ടോ
http://devanspeaking.blogspot.com/2007/04/blog-post_18.html

കമന്റ് വഴി റീഡര്‍ഷിപ്പ് കൂട്ടുക നിരോധിത വൃത്തിയാണ്, എന്നാലും എനിക്കു റ്റെം‌റ്റേഷന്‍ :) )

Inji Pennu said...

അയ്യൊ, എന്തിനാണത് മലയാളത്തില്‍ വേണ്ടതെന്ന് എനിക്കറിഞ്ഞൂടാ? അതൊക്കെ അവരവരുടെ ഇഷ്ടം...
പക്ഷെ മലയാളം പത്രത്തിനു ഇംഗ്ലീഷില്‍ Times of IndicBlog എന്ന് കണ്ടാല്‍ ഒരു ഇത്...അത് മാത്രമല്ല, ശ്രീജിത്തിന്റെ ബ്ലോഗ് റോളില്‍ ചേര്‍ക്കണമെങ്കില്‍ മലയാളത്തില്‍ തന്നെ പേര ആക്കൊ എന്ന് എപ്പോഴും ശ്രീജിത്ത് ചോദിക്കുന്നത് കേക്കാം? അതോണ്ട് ഞാന്‍ അത് നേരത്തെ കയറി പറഞ്ഞു, അത്രെയുള്ളൂ.:)

evuraan said...

12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞികള്‍. പൂവല്ലേ , കായല്ലേ എന്നു് കരുതിയെങ്കിലും, 12 വര്‍ഷങ്ങളുടെ നീളം ഇന്നറിയാം..

അതെന്തുമാകട്ടേ. മലയാളം ബൂലോകത്തേക്കു ഇതാ ഹാര്‍ദ്ദവമായ ഒരു സ്വാഗതം കൂടി..!

ഇവിടെ, പോസ്റ്റുകള്‍ എന്നും വിടരട്ടേ..!

viswaprabha വിശ്വപ്രഭ said...

കാറ്ററിയാതെ... കാടുണരാതെ...
നാം ഈ വനസീമകളിലൂടെ ഒരുമിച്ചു നടക്കുകയായിരിക്കണം, അല്ലേ?

ലാസ്യവിലാസിനിയായി നമ്മെ പൊതിയുന്നത് ഒരേ ശിശിരോത്സവത്തിലെ നിലാവായിരിക്കും, അല്ലേ?

പിന്മൊഴിയല്ല, നിനക്കൊപ്പം കൂട്ടുപോകാന്‍ ഒരേ അടിവെച്ച്... ഇതാ ഇവിടെ...

ബൈജു said...

ദേവന്റെ ബൂലോക സമ്മര്‍ദ്ദം കണ്ടു. കലക്കി.

Inji pennu പരിഭവിക്കന്ണ്ട.
english പേരു ഒരു കല്ലുകടി ആണെന്നു അറിയാഞ്ഞിട്ടല്ല.എഴുതി വന്നപ്പൊള്‍ വേറേ പേര് ഒന്നും തോന്നിയില്ല. മനസ്സില്‍ വന്ന പേരു ഇട്ടു. അതിന്റെ മലയാളം തര്‍ജ്ജിമക്കു കാവ്യാത്മക
കുറവല്ലേ എന്നൊരു സംശയം. എന്നാപ്പിന്നെ ആംഗലേയം തന്നെ ആയിക്കൊട്ടെ എന്നു കരുതി.
വിശ്വപ്രഭ ഒരു നല്ല പേര് ഇട്ടിട്ടുണ്ട്. “നിശ്ശബ്ദതയുടെ ഗൂഢാലോചനക്കൂടാരം” .ഇഞ്ചിക്കു ഇഷ്ടമായോ?

Evuraan , നന്ദി.

വിശ്വപ്രഭ,
എല്ലാം വായിച്ചു.ഉഷസ്സെണീല്‍ക്കുന്നതിനുമുന്നേ ആകാശം മൂടിനില്‍ക്കുന്ന ഉഷ്ണമേഘങ്ങളെ കാണുന്ന, തീക്ഷ്ണമായ മനസ്സിന്റെ ഒരു ചിന്തും കണ്ടു ‘ഉഷസ്സെണീല്‍ക്കുന്നത് ഉണര്‍ന്നിരിക്കുന്നവര്‍ക്കു വേണ്ടി മാത്രം’ (പണ്ടെങ്ങോ ഒരു
ബുക്ക് മാര്‍ക്കില്‍ കണ്ട വാക്യമാണ്. The day dawns only to those
who are awake).ഇനിയും നീലക്കുറിഞ്ഞി പൂക്കുന്നതും കാത്തു നമുക്ക് ഉണര്‍ന്നിരിക്കാം.

വിശ്വം said...

സോത്തെബി? ഇന്‍സ്റ്റലേഷന്‍സ്?
ഞാന്‍ വിചാരിക്കുന്ന ആള്‍ തന്നെയോ?അതോ എനിക്കു തെറ്റിക്കാണുമോ?

ബൈജു said...

വിചാരിക്കുന്നതെല്ലാം ശരിയാവുമെങ്കില്‍ നമ്മളൊക്കെ ദൈവങ്ങള്‍ ആയിപ്പൊവില്ലേ വിശ്വം?

കുടുംബംകലക്കി said...

ഈ ലിങ്കില്‍ പോയാല്‍ കുറിഞ്ഞിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കിട്ടും.
www.kerala.gov.in/kercaloctobr06/novcall.htm

daly said...

ബൈജു സ്വാഗതം.

“ഇനിയും നീലക്കുറിഞ്ഞി പൂക്കുന്നതും കാത്തു നമുക്ക് ഉണര്‍ന്നിരിക്കാം“
ഇങ്ങനെ ഒരു വരി കൂടി എഴുതിയ ബൈജൂന് ദേ ഇവിടെ ഒരു മല മുഴുവന്‍ നീലക്കുറിഞ്ഞി വച്ചീട്ട് പോയിരിക്കുന്നു ജേക്കബ്

ബൈജു said...

കുടൂംബംകലക്കിക്കു നന്ദി. ഡാലിക്ക്, പ്രത്യേകിച്ചും ജേക്കബ്ബിന്റെ സുന്ദരമായ ഫോട്ടോസ് കാട്ടിതതന്നതിനു ഒരു സ്പെഷ്യല്‍ നന്ദി.