Friday, June 1, 2007

മാധ്യമ സിന്‍ഡിക്കേറ്റ്

കഥ1-റേച്ചല്‍ തോമസ് ഖിന്നയായ രാത്രി.

മാധ്യമ സിന്‍ഡിക്കേറ്റിന്‍റെ ഉത്ഭവത്തെയും പരിപാടികളെയും കുറിച്ചു ആദ്യമായി പിണറായിക്കു പറഞ്ഞുകൊടുത്തതു മഹേഷ് കുമാറാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, അവനെ വിശ്വസിക്കരുത് എന്നു ഞാന്‍ അന്നേ പറഞ്ഞതാണ്. ആരു കേള്‍ക്കാന്‍! സിന്‍ഡിക്കേറ്റിലേക്കു അവനെ വലിച്ചു കയറ്റിയതും സ്ഥാപകാംഗങ്ങള്‍ തന്നെ. ടോണി എന്ന ടോണി ഫെര്‍ണാണ്ടെസ്സ്, റേച്ചല്‍ തോമസ്, മുരളി സാര്‍, പിന്നെ ഈ ഞാന്‍. ആനി എന്ന മിസിസ് ടോണി വെറും ക്ഷണിക്കപ്പെട്ട മെമ്പര്‍ മാത്രം. എന്നുവച്ചാല്‍ ടോണിയുടെ പല എക്സ്റ്റ്രാ കരിക്കുലാര്‍ ആക്റ്റിവിറ്റീസും ആനി അറിയാതെ നിഗൂഢമായി സൂക്ഷിക്കാന്‍ കടത്തനാട്ടു മാക്കത്തിലെ ഷീലയെ പോലെ ‘ലോകനാര്‍ കാവിലമ്മയാണെ, കളരി പരദൈവങ്ങളാണെ’ എന്ന സത്യപ്രതിജ്ഞ ചെയ്താല്‍ മാത്രമേ സിന്‍ഡിക്കേറ്റില്‍ മെംബര്‍ഷിപ്പുള്ളൂ. അങ്ങനെ മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ സിന്‍ഡിക്കേറ്റ് അല്ലലറിയാതെ രഹസ്യമായി പ്രവര്‍ത്തിച്ചു വരുമ്പോഴാണു മഹേഷ് കുമാര്‍ എന്ന മാധ്യമ ചെകുത്താന്‍റെ ഇരുന്നുകൊണ്ടുള്ള രംഗ പ്രവേശം.(സസ്പെന്‍ഷനു ശേഷം സംഗതികളുടെ കിടപ്പുവശം മനസ്സിലായപ്പോള്‍ പിണറായി തന്നെ അവനെ മാധ്യമ ചെകുത്താന്‍ എന്നു പബ്ലിക്കായി വിശേഷിപ്പിച്ചതു പില്‍ക്കാല ചരിത്രം.)

‘ഞാന്‍ മുരളി കൃഷ്ണകുമാര്‍’ എന്നു എപ്പൊഴും സ്വയം introduce ചെയ്യാറുള്ള മുരളി സാര്‍ അന്ന് എന്‍റെ മുറിയില്‍, കറുപ്പിച്ച കാറല്‍ മാര്‍ക്സ് താടി തടവിക്കൊണ്ട് അങ്ങനെ ‘അതിചിന്ത വഹിച്ചു’ ഇരിക്കുന്നു. സംസാരിക്കുന്ന കാര്യത്തില്‍ അന്ന് അദ്ദേഹം ജി. അരവിന്ദനായി. അപ്പൊഴാണു റേച്ചല്‍ തോമസ് കതകു തുറന്നു, 90 ഡിഗ്രിയില്‍ തല മാത്രം പതിവുപോലെ മുറിക്കുള്ളില്‍ ഹൊറിസ്സോണ്ടലായി കടത്തി ആമയെപോലെ എത്തിനോക്കുന്നത്.

“വരൂ, സിന്‍ഡിക്കേറ്റിന്റെ കോറം തെകഞ്ഞിട്ടില്ല.”

മുരളി സാര്‍ അപ്പോഴും ചിന്തയില്‍ നിന്നും ഉണരാന്‍ കൂട്ടാക്കിയില്ല, എങ്കിലും ഒന്നു ചിരിച്ചെന്നു വരുത്തി.

‘നമ്മ്ടെ ടോണി കഥാവശേഷന്‍’ റേച്ചല്‍ സെന്‍റന്‍സ് മുഴുവനാക്കുന്നതിനും മുമ്പേ നമ്മുടെ ജി. അരവിന്ദന്‍ മൊഴിഞ്ഞു: ‘ റേച്ചല്‍ പ്ലീസ്’ (‘നീ മലയാളത്തെ കൊല്ലാതെടി കൊച്ചേ, നീ വേണമെങ്കില്‍ രാഷ്ട്രഭാഷയില്‍ ബോല്‍ത്തിക്കോ’ എന്നു മലയാളം.)

ഏതോ മലയാളസിനിമ ഓസില്‍ പ്രിവ്യു കണ്ടതിനു ശേഷം റേച്ചല്‍, കഥാപാത്രം, കഥാപ്രസംഗം, കഥ സംഭാഷണം എന്ന എല്ലാത്തിനും ഉപയോഗിക്കുന്ന ഒറ്റ മൂലിയാണു കഥാവശേഷന്‍. അല്ലാതെ ടോണി തട്ടിപ്പോയിട്ടൊന്നുമില്ല. ഇപ്പോള്‍ ഉദ്ദേശിച്ച അര്‍ത്ഥം കഥാപാത്രം എന്നാണ്.

അസാധാരണമായതു വീണ്ടും സംഭവിച്ചു. ജി. അരവിന്ദന്‍ വീണ്ടും സംസാരിച്ചു!

“സാക്ഷര കേരളം, സുന്ദര കേരളം” (‘എടീ മദാമ്മേ, നിന്‍റെ മിരാണ്ടാ ഹൌസ്, എല്‍.എസ്സ്.ആര്‍ പാണ്ഡിത്യവും വച്ചു മലയാളത്തെ കയറി കൊത്താതെടീ കോതേ. നീ ജീവിച്ചിരിപ്പുണ്ടെന്നു അറിഞ്ഞിരുന്നെങ്കില്‍, കേരളത്തില്‍ 100 ശതമാനം സാക്ഷരത ഉണ്ടെന്നു സര്‍ക്കാര്‍ പ്രഖ്യാപിക്കില്ലായിരുന്നു’ എന്നു വീണ്ടും മലയാളം.)

‘കഥാവശേഷന്‍ ഇന്നലേം പത്തുമണിക്കുമുന്‍പു വീട്ടീക്കേറി’ റേച്ചല്‍ പറയാന്‍ വന്നത് മുഴുമിപ്പിച്ചു. ഇവിടെ ഒരു ഫ്ലാഷ്ബാക്ക് അത്യാവശ്യം. മാധ്യമ സിന്‍ഡിക്കേറ്റ് ഒരു ഗൂഢസംഘടനയാണെങ്കിലും ജനാധിപത്യത്തില്‍ അധിഷ്ഠിതമായ പാരമ്പര്യം ഉണ്ട്. ഒരു സിന്‍ഡിക്കേറ്റംഗത്തെക്കുറിച്ചു വേറൊരു അംഗത്തിനു എന്തു കഥയും ഉണ്ടാക്കാം. പക്ഷെ സിന്‍ഡിക്കേറ്റിനു പുറത്തോ, ആനിയോടോ പറയുന്നതിനു മുന്‍പു മെജോറിറ്റിയോടെ സിന്‍ഡിക്കേറ്റിന്‍റെ മുന്‍കൂര്‍ അനുമതി വേണം എന്നു മാത്രം. (ഒരു പോളിറ്റ് ബ്യൂറോ മെമ്പര്‍ വേറൊരു മെമ്പറെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന കാലമാണെന്നോര്‍ക്കണം. ഇതിനെക്കുറിച്ചു ഗോപീകൃഷ്ണന്റെ ‘ഒരു CID വേറൊരു CID യെ സംശയിക്കാന്‍ പാടില്ല.” എന്ന ദാസന്‍-വിജയന്‍ കാര്‍ട്ടൂണ്‍ റേച്ചല്‍ തോമസ്സിനു എക്സ്പ്ലൈന്‍ ചെയ്തുകൊടുത്തതിന്‍റെ പരിണാമഗുപ്തി വേറൊരു കഥയായിക്കോട്ടെ.)

എന്തായാലും ടോണി കഥാവശേഷനായ കഥയാണല്ലൊ വിഷയം. ഫലിതബിന്ദുക്കളിലും ഇന്‍റര്‍‍നെറ്റില്‍ കൂടെ ഒഴുകിവരുന്ന ജോക്സ് മൈയിലുകളിലും നിന്നും രഹസ്യമായി മോഷ്ടിച്ചു, ടോണിയെ കഥാപാത്രമാക്കി മലയാള സിനിമാതിരക്കഥാകൃത്തുക്കളെക്കാള്‍ വിദഗ്ധമായി കഥ ഒറിജിനല്‍ ആയി ഉണ്ടാക്കലായിരുന്നു എന്റെ ഒഴിവുസമയ സിന്‍ഡിക്കേറ്റ് വിനോദം. പലപ്പോഴും കഥകള്‍ ശ്രീനിവാസന്റെ ‘കട്ടിംഗോ, ഷേവിങ്ങോ’ മാതിരി ചീറ്റിപ്പോകാറാണു പതിവ്.

അവസാനത്തെ സ്റ്റോറിയും ഫയല്‍ ചെയ്ത്, ബ്യൂറോ ചീഫ് മന്ദബുദ്ധിയാണെന്നു പതിവുപോലെ ശ്ലേഷത്തില്‍ പറഞ്ഞ്, പാര്‍ട്ണര്‍ മുരളി സാറുമൊത്ത് പ്രസ്സ്ക്ലബ്ബിലോ, സ്ഥിരം ബാറിലോ പോയി ഒരു നാലെണ്ണം വീശിയിട്ട് ഒരു 12 മണിക്കു വീട്ടിലെത്തുകയായിരുന്നു ടോണിയുടെ ഒരു രീതി. ഒരു മുന്നറിയിപ്പുമില്ലാതെ, ടോണി ഈ പതിവു മാറ്റി. 10 മണിക്കു മുന്‍പു വീട്ടില്‍ കയറിത്തുടങ്ങി. മുരളിസ്സാര്‍ ‘ഏകാന്തപഥികന്‍ ഞാന്‍’ എന്നു പാടി പാടി ചങ്കുപൊട്ടി മരിക്കാറായി. സിന്‍ഡിക്കേറ്റ് ഇതിനെ ഗൌരവമായെടുത്തു കൂലംകഷമായി ചര്‍ച്ച ചെയ്തെങ്കിലും, സംഭവത്തിന്‍റെ ഗുട്ടന്‍സ് ആര്‍ക്കും പിടികിട്ടിയില്ല. ആനിയുടെ കണ്ണുകളില്‍ തിളക്കം, കവിളിള്‍ തുടിപ്പ്! പാര്‍ട്ണര്‍ മുരളിസ്സാറാകട്ടെ ഡ്രാക്കുള കടിച്ച സായിപ്പിനെ പോലെ വിളറി വിളറി വരുന്നു. സംഗതി വളരെ സീരിയസ് ആയപ്പോഴാണു ഞാന്‍ ആ സത്യം റിസര്‍ച്ച് ചെയ്തു കണ്ടുപിടിച്ചത്. രാത്രി രാത്രി വിടരുന്ന ടോണിയെക്കൊണ്ടു സഹികെട്ട് ആനി ഒരു ധീര പ്രസ്താവന നടത്തി. (റേച്ചല്‍ തോമസ്സിന്റെ ഭാഷയില്‍ ‘പ്രസ്താവനം’. പുള്ളിക്കാരി ഇപ്പോഴും, എപ്പോഴും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നത് വൃന്ദാവനം, തുളസീവനം പോലെ പ്രസ്താവനം ആണു ശരിയായ പ്രയോഗം എന്നാണ്.)

പ്രസ്താവനത്തിന്റെ ഫുള്‍ ടെക്സ്റ്റ് ഇപ്രകാരമാണ്.

ആനി, ടോണിയോട്: “Whether you come home or not, there will be sex in my bedroom daily at 10 PM.”

കുറത്തി തുള്ളി. പിന്നെ ഉറഞ്ഞു. ചുട്ടു തിന്നാനുള്ള ദേഷ്യമുണ്ടായിരുന്നെങ്കിലും കടമ്മനിട്ടയുടെ കരനാഥനെപ്പോലെ ‘മുറുക്കിത്തുപ്പിയും, ചുമ്മാചിരിച്ചും കൊണ്ട്’ ടോ‍ണി കുറത്തിയാട്ടം കണ്ടു മിണ്ടാതെ ഇരുന്നു. ഡൊമസ്ടിക് വയലന്‍സ് ആക്ടിനെക്കുറിച്ചു ആനി ഏജന്‍സിക്കു വേണ്ടി എഴുതിയ അര്‍ട്ടിക്കിള്‍ വായിച്ചിരുന്നതു കൊണ്ട് ടോണി ‘കോറാ കാഗസ് ഥാ യെഹ് മന്‍ മേരാ’ എന്ന പ്രസിദ്ധ ഭജന്‍ മനസ്സില്‍ പാടിക്കൊണ്ടു ആത്മസംയമനം പാലിച്ചു. പിന്നെ സ്വാമി സാന്തീപ്ചൈതന്യയുടെ ആ ഗുരുമന്ത്രം മനസ്സില്‍ ധ്യാനിച്ചു- ‘ശാന്തിയും സമാധാനവും സംതൃപ്തിയും നിറഞ്ഞ കുടുംബ ജീവിതത്തിന്റെ രഹസ്യം: അനുസരണ, അനുസരണ മാത്രം.’

കട്ട് ഇന്‍ റ്റു സീന്‍ 2: ടോണി 9.15pm മുതല്‍ വാച്ചു നോക്കാന്‍ തുടങ്ങുന്നു. 9.25-നു ഓഫീസില്‍ നിന്നും ഇറങ്ങുന്നു. 9.50-55-നു വീട്ടില്‍. ഈ കഥ സിന്‍ഡിക്കേറ്റില്‍ ഹിറ്റായി. രാത്രി 9 മണിയാവുമ്പോള്‍ മുതല്‍ ത്യാഗസന്നദ്ധരായ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഓരോരുത്തരായി ടോണിക്കു ഫോണ്‍ ചെയ്യും.

“ടോണി വീട്ടില്‍ പോകുന്നില്ലേ?”
“10 മണി ആകാറായി, ടോണി”
“ടോണിക്കു ലിഫ്റ്റ് വേണമെങ്കില്‍, പറഞ്ഞാല്‍ മതി”

അങ്ങനെ ടോണി മാദ്ധ്യമസിന്‍ഡിക്കേറ്റിന്‍റെ കഥാനായകനായി, കഥാപാത്രമായി. പിന്നെ റേച്ചല്‍ തോമസ്സിന്‍റെ കഥാവശേഷനായി മാറി. പക്ഷേ സിന്‍ഡിക്കേറ്റിന്‍റെ മാത്രമായ ഈ അരമന രഹസ്യം പിണറായി എങ്ങനെ അറിഞ്ഞു? പത്രസമ്മേളനം വിളിച്ചുകൂട്ടി പിണറായി തന്‍റെ ചത്ത കണ്ണുകള്‍ അര്‍ദ്ധനിമീലിതമാക്കി, വികാരരഹിതനായി പറഞ്ഞു: “മാദ്ധ്യമ സിന്‍ഡിക്കേറ്റിണ്ട് കേരളത്തില്‍. അവരോരോരുത്തരും സന്ധ്യകഴിഞ്ഞാല്‍ എന്തെല്ലാം ചെയ്യുന്നു എന്നു എന്റെ പാര്‍ട്ടിക്കു വ്യക്തമായ ധാരണയിണ്ട്.”

ഞങ്ങള്‍ സ്റ്റണ്ടായിപ്പോയി. പിണറായി സിന്‍ഡിക്കേറ്റ് രഹസ്യം എങ്ങനെ അറിഞ്ഞു?

മുരളി സാറിന്റെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റിന്‍റെ സബ് കമ്മറ്റി, പിണറായിയുടെ ലോക്കല്‍ കമ്മറ്റി, ജില്ലാകമ്മറ്റി, സ്റ്റേറ്റ് കമ്മറ്റി, സെന്‍‍ട്രല്‍ ‍കമ്മറ്റി, പോളിറ്റ് ബ്യുറോ എന്ന എല്ലാ കമ്മിറ്റികളിലും കയറി ഗൂഢമായി പരിശോധിച്ചു. നൊ സക്സസ്സ്. രഹസ്യം പിന്നെയും രഹസ്യം.

അങ്ങനെ ഇരിക്കുമ്പോള്‍ ഒരു ദിവസം സിന്‍ഡിക്കേറ്റ് മീറ്റിങ്ങില്‍ മഹേഷ്കുമാറിന്‍റെ ഫോണ്‍ വന്നു. ഒരു ട്രാന്‍സിലേഷന്‍ സംശയം. ടോണി പറ്ഞ്ഞു, “ഖിന്ന” എന്നായാലോ?

മഹേഷ്: കുറച്ചു കട്ടിയായി പോയോ?
ടോണി: പറ്റിയ വാക്കാണ്.
മഹേഷ്: എന്നാല്‍ ഖിന്നയെങ്കില്‍, ഖിന്ന!
ടോ‍ണി: that is the right word.
പേട്ടെന്നു റേച്ചല്‍ തോമസ്സ് ചോദിച്ചു: “What is the matter?”
ഞാന്‍: അവര്‍, ഖിന്ന എന്നു പറഞ്ഞതാ.
റേച്ചല്‍ തോമസ്: “What? What khinna? What does it mean?”
മുരളിസ്സാര്‍: ച്ചെക്ക് ഇറ്റ് (അര്‍ത്ഥം: എടീ പെണ്ണേ, നെനക്ക് ഡിക്ഷ്ണറി നോക്കിക്കൂടേ?)
ഞാന്‍: ടോണീ, റേച്ചലിനെ, ഖിന്ന എന്നു വിളിച്ചതു തെറ്റായിപ്പൊയി.
റേച്ചല്‍: അര്‍ത്ഥമെന്താ?
ടോണി: ശ്ശൊ! ഹൌ കേന്‍ ഐ റ്റെല്‍ യു ദ മീനിങ്?

മുരളിസ്സാറ് റേച്ചല്‍ തോമസ്സിനു മുന്‍പില്‍ ശംഖ് വിളിച്ചു: “നിഘണ്ടു നോക്ക്. എന്നാലും റേച്ചല്‍ തോമസ്സിനെ ഖിന്ന എന്നു പറയാന്‍ പാടില്ലായിരുന്നു”

മുരളിസാറും കൂടെ എന്‍ഡോഴ്സ് ചെയിതപ്പോള്‍ ഖിന്ന എന്നത് വമ്പിച്ച ഒരു തെറിവാക്കാണെന്ന സത്യം റേച്ചലിനു മനസ്സിലായി.

റേച്ചല്‍ തോമസ്സ് വിഷമിച്ചു. നിഘണ്ടൂ എന്നാല്‍ ഗുണ്ടു റാവു പോലെ ആന്ധ്രപ്രദേശിലെ ഒരു നേതാവു ആണെന്ന വിസ്വാസത്തില്‍, ‘കുടിച്ചിട്ടു ഇങ്ങു ഇട്ടുതാ’ എന്ന മട്ടില്‍ റേച്ചല്‍ വീണ്ടും ദയനീയമായി ഖിന്നയുടെ അര്‍ത്ഥത്തിനു വേണ്ടി യാചിച്ചു. ഇത്രയും വലിയ തെറിയുടെ അര്‍ത്ഥം എങ്ങനെ പരസ്യമായി പറയും? അതും ഒരു സ്ത്രീയുടെ മുന്നില്‍ വച്ച്! സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തങ്ങളുടെ ധര്‍മ്മസങ്കടം വ്യക്തമാക്കി.

റേച്ചല്‍ ഞങ്ങളിലുള്ള അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് മഹേഷ്കുമാറിനെ ഫോണ്‍ ചെയ്തു.

“അതേ, എവര് എന്നെ ഖിന്ന എന്ന് വിളിച്ചു. മീനിങ് ചോയിച്ചിട്ട് പറയുന്നില്ല. What is khinna?”

കൂര്‍മ്മ ബുദ്ധിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ മഹേഷ്കുമാര്‍ ഗദ്ഗദകണ്ഠനായി, വക്കം അബ്ദുള്‍ ഖാദറിന്റെ സ്വരത്തില്‍ പാടി: “എന്നോട് ഇങ്ങനെ ഒന്നും ചോദിക്കരുത് റേച്ചല്‍. എങ്ങനെ ഞാന്‍ അതു പറയും?”

എല്ലാവരും കൂടെ അണ്ടി തട്ടിത്തെറിപ്പിച്ചു കളഞ്ഞപ്പോള്‍ പാവം റേച്ചല്‍ ‘അണ്ണാത്തി’ ആയി, വിഷണ്ണയായി. അസ്വസ്ഥയായി. ടോണി വീട്ടില്‍ പോകാനായി എണീറ്റു. അപ്പോഴാണു മണി 10 ആവാറായി എന്നു എല്ലാവര്‍ക്കും മനസ്സിലായതു. അന്ന് ടോണിയുടെ ഡ്രൈവര്‍ ആവാനുള്ള ഊഴം റേച്ചലിന്‍റേതായതുകൊണ്ടു അവള്‍ക്കും പോകേണ്ടി വന്നു.

“ആനിയോട് കയറി ഖിന്ന എന്നൊന്നും പറഞ്ഞേല്‍ക്കരുത്. മഹാ നാണക്കേടാവും” ടോണി മുന്നറിയിപ്പു നല്‍കി.

യാത്രയില്‍ മുഴുവനും റേച്ചല്‍ തോമസ്സിനെ ‘ഖിന്ന’ അലട്ടിക്കൊണ്ടിരുന്നു.അവള്‍ക്കു ഖിന്നയുടെ അര്‍ത്ഥമറിയാനുള്ള വാശിയായി. അവള്‍ക്കു കിടന്നിട്ട് ഉറക്കം വന്നില്ല. എണീറ്റ് വീണ്ടും ലൈറ്റ് ഇട്ട് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. Google search-ല്‍ പോയി റ്റൈപ്പ് ചെയ്തു, ‘khinna’.

പത്തറുന്നൂറ് ലിങ്ക് വന്നു. അതിനും മുന്‍പ് ഗൂഗിളിന്റെ ഒരു മറു ചോദ്യം: ‘do you mean khanna?’ (നെനക്കു ഖന്നയെ ആണോടീ നോട്ടം പെണ്ണേ?).

പല സൈറ്റ്കളില്‍ അവള്‍ ഖിന്നയുടെ അര്‍ത്ഥം ചികഞ്ഞു. ഇറ്റാലിയനും സംസ്കൃതവും ഒക്കെ പരതി. ഖിന്നയുടെ അര്‍ത്ഥം മാത്രം മനസ്സിലായില്ല. അവള്‍ വിവശയായി. കൂഴച്ചക്ക കുഴഞ്ഞതു പോലെ അവള്‍ കുഴഞ്ഞു. ആ രാത്രി മുഴുവന്‍ അവള്‍ അസ്വസ്ഥയായി, ഉറങ്ങാന്‍ കഴിയാതെ ഖിന്നയെക്കുറിച്ചോര്‍ത്തോര്‍ത്ത് ദുഃഖഗാനം പാടി “കര്‍വട്ടേം ബദല്‍ത്തേ രഹേ പൂരീ രാത്...”

പക്ഷേ, മാധ്യമ സിന്‍ഡിക്കേറ്റിന് മാത്രം അറിയാവുന്ന റേച്ചല്‍ തോമസ്സ് ഖിന്നയായ ആ രാത്രിയുടെ രഹസ്യം പിണറായി എങ്ങനെ അറിഞ്ഞു?

5 comments:

Anonymous said...

എന്താ, ഈ മാദ്ധ്യമ സിന്‍ഡിക്കേറ്റ് എന്നാല്‍?

ദേവന്‍ said...

ഒരു പയ്യന്‍ കഥ വായിച്ച സുഖം. :)

ബൈജു said...

വര്‍മ്മ, കഴിഞ്ഞ 3- 4 മാസത്തെ കെരള എഡിഷന്‍ ന്യൂസ് പേപ്പറുകള്‍ വായിച്ചാല്‍ മാദ്ധ്യമ സിന്ഡീക്കേറ്റ് എന്താണെന്നു മനസ്സിലാവും.ഥാങ്സ് ദേവന്‍.

ഗുപ്തന്‍ said...

അണ്ണാ തകര്‍ത്തു.... ആ രാജമല വിശേഷം പറഞ്ഞുള്ള വരവു കണ്ടപ്പോള്‍ ഇത്രയും ഓര്ത്തില്ല.... ബുക്ക്മാര്‍ക്കുന്നു.... ഇനി പതിവായി ഹാജരുവച്ച് പണ്ടാരമടങ്ങിക്കൊള്ളാം......

evuraan said...

വായിച്ചു, ഇഷ്ടപ്പെട്ടു.

മലയാറ്റൂരിന്റെ യന്ത്രം ഓര്‍മ്മ വന്നു.